എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


അടുത്തിടെയായി നാം സ്ഥിരമായി എ.ടി.എം വഴിയുള്ള തട്ടിപ്പുകളെപ്പറ്റി കേള്‍ക്കാറുണ്ട്. എ.ടി.എമ്മുകള്‍ ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം എളുപ്പത്തില്‍ പിന്‍വലിക്കാനുള്ള ഒരു മാര്‍ഗം ആണ്. ദിവസേന കോടികളുടെ വിനിമയം ആണ് എ.ടി.എം കൌണ്ടറുകള്‍ വഴി നടക്കുന്നത്.

പക്ഷേഅടുത്തകാലത്തുതന്നെ എ.ടി.എം വഴി പണം നഷ്ടപ്പെടുന്ന കഥകള്‍ കൂടുതലായി കേള്‍ക്കുന്നു. ദുഖകരമായ കാര്യം മലയാളികളില്‍ ഭൂരിഭാഗം പേര്‍ക്കും എ.ടി.എം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയില്ല. അഭ്യസ്തവിദ്യരായ ആളുകള്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ പെടുന്നു. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരാള്‍ ഒരു വിദഗ്ധന്‍ ആയിരിക്കണം എന്നില്ല. സാധാരക്കാര്‍ക്ക് പോലും എളുപ്പത്തില്‍ മനസിലാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എ.ടി.എം വഴിയുള്ള ഭൂരിഭാഗം തട്ടിപ്പുകളും നമുക്ക് തടയാന്‍ കഴിയും. എങ്ങനെ ഇത് സംഭവിക്കുന്നു എന്നും, നാം ഇത്തരം കെണികളില്‍ പെടാതിരിക്കാന്‍ എന്തുചെയ്യണമെന്നും നമുക്ക് നോക്കാം.

എ.ടി.എം തടിപ്പുകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്, സ്കിമ്മര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ്. സ്കിമ്മര്‍ എന്നത്, നമ്മുടെ എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഉപകരണം ആണ്. നമ്മള്‍ എ.ടി.എം കാര്‍ഡ്‌ ഇടുന്ന സ്ലോട്ടിന്റെ മുന്‍പില്‍ അതിന്റെ കവര്‍ എന്ന രീതിയിലായിരിക്കും സാധാരണ സ്കിമ്മറുകള്‍ ഘടിപ്പിക്കാറുള്ളത്. താഴെ കാണിച്ചിരിക്കുന്ന ചിത്രം നോക്കുക. അതുകൊണ്ട് കാര്‍ഡ്‌ ഇടുന്ന സ്ലോട്ടിന്റെ മുന്‍പില്‍ സംശയകരമായി എന്തെങ്കിലും കണ്ടാല്‍, ആ എ.ടി.എംഉപയോഗിക്കാതെ ബാങ്കിനെ വിവരംഅറിയിക്കുക.


സ്കിമ്മര്‍ മാത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ കഴിയുകയില്ല. അതിന്, നമ്മുടെ എ.ടി.എം പിന്‍ നമ്പര്‍ കൂടി ആവശ്യമാണ്. അതിനുവേണ്ടി ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ ഉള്ളവ്യാജ കീപ്പാഡുകള്‍ ഉപയോഗിക്കുന്നത്. സാധാരണ എ.ടി.എം മെഷീനില്‍ ഉണ്ടാവുന്ന കീപ്പാഡിനു മുകളില്‍ ആണ് ഇത് ഘടിപ്പിക്കുന്നത്. ഇതില്‍ നാം പിന്‍ നമ്പര്‍ അമര്‍ത്തുമ്പോള്‍ അതിനോടനുബന്ധിച്ചുള്ള ഇലക്ട്രോണിക് സര്‍ക്യുട്ട് വഴി പിന്‍ നമ്പര്‍ ചോര്‍ത്തപ്പെടുന്നു.

പിന്‍ നമ്പര്‍ ചോര്‍ത്താനുള്ള മറ്റൊരു വഴിയാണ് കീപാഡ് കാണുന്ന രീതിയിലുള്ള ക്യാമറ. ഇത്തരം ക്യാമറകള്‍ വഴിയും തട്ടിപ്പുകാര്‍ പിന്‍ നമ്പര്‍ ചോര്‍ത്താറുണ്ട്. ഇതിനെതിരെ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കൈ കൊണ്ട് കീപാഡ് മറച്ചുപിടിക്കുക എന്നതാണ്.  (ചിത്രം കാണുക)



ബാങ്ക് അക്കൗണ്ടിലെ പണം കവരാന്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഫോണ്‍ കോളുകള്‍. ആരെങ്കിലും നമ്മുടെ ഫോണില്‍ ബാങ്കില്‍ നിന്നാണെന്ന പേരില്‍  വിളിച്ച് എ.ടി.എം കാര്‍ഡ്‌ നമ്പറോ പിന്‍ കോഡോ പറയാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരിക്കലും കൊടുക്കരുത്. കാരണം അവര്‍ തട്ടിപ്പുകാരയിരിക്കും. ബാങ്കുകള്‍ ഒരിക്കലും കാര്‍ഡ്‌ നമ്പറോ പിന്‍ കോഡോ, നെറ്റ് ബാങ്കിംഗ് വിവരങ്ങളോ  ഫോണ്‍, ഇമെയില്‍, എസ് എം എസ്‌ എന്നിവ വഴി ആവശ്യപ്പെടാറില്ല.

 ഓണ്‍ലൈന്‍ വഴി പണം കൈമാറുമ്പോള്‍ എസ് എം എസ് വഴി  ലഭിക്കുന്ന OTP (ഒറ്റ തവണ പാസ്സ്‌വേര്‍ഡ്‌)  യും ബാങ്കുകള്‍ ആവശ്യപ്പെടില്ല.

ഇനി എ.ടി.എം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പൊതുവായ കര്യങ്ങള്‍ കാണാം.

    1.  എ.ടി.എം. കാര്‍ഡും പിന്‍നമ്പരും മറ്റൊരാള്‍ക്കും കൈമാറരുത്.
    2.  കാര്‍ഡിന്റെ പിന്‍നമ്പര്‍ കാര്‍ഡിന്റെ മുകളില്‍ എഴുതുകയോ, പേഴ്സില്‍ എഴുതി വെക്കുകയോ ഫോണില്‍ സേവ് ചെയ്യുകയോ അരുത്, ഓര്‍ത്ത് വെക്കുക.
    3.  പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുക, മാസത്തില്‍ ഒരിക്കല്‍ എങ്കിലും.
    4.  ജനനത്തീയതി, ജനിച്ച വര്‍ഷം, വാഹനത്തിന്റെ നമ്പര്‍ എന്നിവ പിന്‍നമ്പരായി ഉപയോഗിക്കരുത്.
    5.  ഒരു എ.ടി.എം മെഷീന്‍ വഴി പണം പിന്‍വലിക്കുമ്പോള്‍ അവിടെ സംശയകരമായി എന്തെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടനെതന്നെ മറ്റൊരു എ.ടി.എം കൌണ്ടര്‍ വഴി പിന്‍ നമ്പര്‍ മാറ്റുക.
    6.  പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കൈ കൊണ്ട് മറച്ചു പിടിക്കുക.
    7.  അപരിചിതരായ ആളുകളെ സഹായത്തിനു വിളിക്കാതിരിക്കുക.
    8.  എ.ടി.എം പിന്‍, കാര്‍ഡ്‌ നമ്പര്‍, OTP എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന  ഫോണ്‍ കോളുകള്‍ക്കും ഇമെയിലുകള്‍ക്കും എസ്എംഎസുകള്‍ക്കും മറുപടി കൊടുക്കാതിരിക്കുക.
    9.  ആവശ്യത്തിന് വെളിച്ചം ഇല്ലാത്ത എ.ടി.എം കൌണ്ടറുകള്‍ ഒഴിവാക്കുക.
    10.  ബാങ്ക് അക്കൗണ്ട്‌ ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക. ഇതിനായി പാസ്‌ബുക്കില്‍ പ്രിന്റ്‌ ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എ.ടി.എം വഴിയും, ഫോണ്‍ വഴിയും, ഓണ്‍ലൈന്‍ ആയും അക്കൗണ്ട്‌ സ്റ്റേറ്റ്മെന്റ് പരിശോധിക്കാവുന്നതാണ്.
    11.  പരമാവധി ഒറ്റപെട്ട പ്രദേശങ്ങളിലെ എ.ടി.എം ഒഴിവാക്കുക, ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
    12.  മെഷീന്‍ കേടാണ് എന്ന് തോന്നുന്നെങ്കില്‍ ആ എ.ടി.എം ഉപയോഗിക്കാതിരിക്കുക.
    13.  പണം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന സ്ലിപ് കളയാതെ സൂക്ഷിച്ചുവെക്കുക. കാരണം എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍, ഉദാഹരണത്തിന്, കിട്ടിയ പണത്തില്‍ കുറവ് ഉണ്ടെങ്കില്‍, സ്ലിപ്പുമായി ബാങ്കുമായി ബന്ധപ്പെട്ടാല്‍ ആ പണം തിരികെ ലഭിക്കും.

    ഈ ലേഖനത്തില്‍ കാര്യങ്ങള്‍ ഏറ്റവും ലളിതമായ രീതിയില്‍ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
    സംശയങ്ങളോ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ താഴെ എഴുതാവുന്നതാണ്..
    സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യാന്‍ മറക്കില്ലെനു കരുതുന്നു. :)

    0 comments:

    സൈബര്‍ സുരക്ഷ എന്തുകൊണ്ടാണ് ആവശ്യമായിരിക്കുന്നത് ?





    നാമെല്ലാം ഇന്ന് ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലാണ്. സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, അത് മൂലമുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നു. കണക്കുകള്‍ പറയുന്നതനുസരിച്ച് ലോക ജനസംഖ്യയില്‍ നാല്‍പ്പത് ശതമാനം പേരും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ്. അതേസമയം ഇന്ത്യയില്‍ 46 കോടിയോളം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ് ഉള്ളത്. അതായത്, ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. നേരിട്ട് ഇന്റര്‍നെറ്റ്‌ ഉപയോഗികുന്നില്ലെങ്കില്‍ കൂടി,  ബാങ്കിംഗ് പോലെയുള്ള മേഖലകളില്‍  ദിവസേന നാം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു.  നമ്മുടെ കേരളത്തില്‍ ഭൂരിഭാഗം ആളുകളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ആദ്യകാലത്തെ സംസാരിക്കാന്‍ ഒരു മൊബൈല്‍ഫോണ്‍ എന്ന നിലയില്‍ നിന്ന് മാറി ഇന്ന് ഇന്റര്‍നെറ്റും മറ്റ് ആധുനിക സംവിധാനങ്ങളും ഉള്ള സ്മാര്‍ട്ട്‌ ഫോണുകള്‍ക്കാണ് ആവശ്യക്കാരേറെയും. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത് ഉപയോഗിച്ച് നടത്തപ്പെടുന്ന കുറ്റകൃത്യങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ് .

    ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപം, അപകീര്‍ത്തിപ്പെടുത്തല്‍, ലോട്ടറി തട്ടിപ്പ്, തൊഴില്‍ തട്ടിപ്പ്, വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ എന്നിവ മുതല്‍ വെബ്സൈറ്റ് ആക്രമണം, നെറ്റ്‌വര്‍ക്ക് ആക്രമണം, ബാങ്ക് എടിഎം കവര്‍ച്ച വരെ പട്ടിക നീളുന്നു. ഇതില്‍നിന്നൊക്കെ എങ്ങനെ രക്ഷ നേടാം എന്നത്  നാം ഓരോരുത്തരും നിര്‍ബന്ധമായും  അറിഞ്ഞിരിക്കേണ്ട കാര്യം ആണ്.

    ഇത് മനസ്സിലാക്കാന്‍ ഒരാള്‍ ഒരു സൈബര്‍ വിദഗ്ദ്ധന്‍ ആകേണ്ട ആവശ്യമില്ല. നമ്മളെയും നമ്മുടെ  കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഓൺലൈനിൽ പരിരക്ഷിക്കുന്നതിന് നമുക്ക് എന്തുചെയ്യാനാകുമെന്ന് ഈ ബ്ലോഗിലൂടെ കാണാം. ഇന്റര്‍നെറ്റ്‌ തട്ടിപ്പുകളെപ്പറ്റിയും നിന്നും, മറ്റു ഓണ്‍ലൈന്‍ ചതിക്കുഴികളെപ്പറ്റിയും വരും ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ഉപകാരപ്രദമെന്നു തോന്നിയാല്‍ ലേഖനങ്ങള്‍ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്തും, അഭിപ്രായങ്ങള്‍ കമന്റ്‌ ബോക്സില്‍ രേഖപ്പെടുത്തിയും പ്രോത്സാഹിപ്പിക്കുക.

    നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഈ ഇമെയില്‍ ഐ ഡി യില്‍ അയക്കുക: me@melbin.me

    0 comments: